കലിഫോർണിയ: ഹോട്ടൽ മുറിയിൽ വച്ച് അനധികൃതമായി സൗന്ദര്യവർധക കുത്തിവെയ്പ്പ് നൽകി യുവതിയുടെ മരണത്തിന് ഇടയാക്കിയ കേസിൽ വ്യാജ കോസ്മെറ്റോളജിസ്റ്റിന് നാല് വർഷം തടവ് ശിക്ഷ.
കിം കർദാഷിയാന്റെ അപരയായി സോഷ്യൽ മീഡിയയിൽ പ്രശസ്തയായ ഓൺലിഫാൻസ് മോഡൽ ക്രിസ്റ്റീന ഗോർക്കാനി (34) മരിച്ച കേസിലാണ് ഫ്ലോറിഡ സ്വദേശിനിയായ വിവിയൻ ഗോമസിന് (50) കാലിഫോർണിയ കോടതി ശിക്ഷ വിധിച്ചത്.
ഏപ്രിലിൽ ഒരു ഹോട്ടൽ മുറിയിൽ വച്ചാണ് ലൈസൻസില്ലാത്ത വിവിയൻ, ക്രിസ്റ്റീനയ്ക്ക് അനധികൃത സിലിക്കൺ കുത്തിവയ്പ്പ് നടത്തിയത്. ഇതിന് തൊട്ടുപിന്നാലെ ശ്വാസതടസവും ഹൃദയാഘാതവും അനുഭവപ്പെട്ട ക്രിസ്റ്റീന തൊട്ടടുത്ത ദിവസം മരണപ്പെടുകയായിരുന്നു.
മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് സാൻ മാറ്റെയോ കൗണ്ടി സുപ്പീരിയർ കോടതി ഇപ്പോൾ വിവിയന്‍ ശിക്ഷ വിധിച്ചത്. അമേരിക്കയിൽ ശരീരവടിവ് കൂട്ടാൻ സിലിക്കൺ കുത്തിവെയ്ക്കുന്നത് എഫ്ഡിഎ അംഗീകരിച്ചിട്ടില്ല. വിധിക്കെതിരെ അപ്പീൽ നൽകാൻ താൽപര്യമില്ലെന്നും ശിക്ഷാ കാലാവധി പൂർത്തിയാക്കാൻ തയാറാണെന്നും വിവിയൻ കോടതിയെ അറിയിച്ചു.